Search This Blog

Monday, 23 April 2018

വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഞാൻ ..........ഒരു കാലത്തു എന്നെ സന്തോഷിപ്പിച്ച ......ഒരുപാട് ആശ്വാസം നൽകിയ ......മറ്റാർക്കുവേണ്ടിയും അല്ലാതെ ഞാൻ  എനിക്കുവേണ്ടി മാത്രം സൃഷ്ടിച്ച ഈ ലോകത്തേക്ക് വീണ്ടും കടന്നു വരാൻ ഞാൻ ആഗ്രഹിക്കുന്നു .........വീണ്ടും വിഡ്ഢിക്കുപ്പായമണിയാൻ ...........വിഡ്ഢിയുടെ  കഥപറച്ചിലുകളും പ്രവചനങ്ങളുമായി വീണ്ടും 
ആകാശത്തോളം ഉയരമുണ്ട് ,പക്ഷേ  കാക്കയ്ക്കിരിക്കാൻ കൊമ്പില്ല  എന്ന  
 കടങ്കഥ കേട്ടിട്ടുണ്ടാവുമല്ലോ .അതുപോലെയായിത്തീർന്നു മനുഷ്യന്റെ 
 ജീവിതവും . വിലകൂടിയ വാച്ചുണ്ട് എന്നാൽ സമയം തീരെയില്ല .

ഒരുപാട് കഴിവുണ്ടെങ്കിലും നാലു  ചുമരുകൾക്കുള്ളിൽ അകപ്പെട്ടുപോയ ,തുറക്കാനാകുന്ന വാതിലുകൾ ഉണ്ടെങ്കിലും   അതിന്റെ ഉള്ളിൽ 
 ചങ്ങലക്കിട്ടുപോയ  കാലുകളുണ്ട് 

Tuesday, 20 October 2015

മയിൽ‌പ്പീലി



"നീയിതെടുത്തോ....."

"എന്താ നിനക്കു വേണ്ടേ ?.."
"ന്..നിക്ക് വേറെയുണ്ട് ".   
മാനം കാണാതെ ഒരു മയിൽ‌പ്പീലി അവൾ മനുവിന് നല്കി .അപ്പോഴും അവളുടെ  കണ്ണുകളിൽ മയിൽ‌പ്പീലി  മിന്നുകയായിരുന്നു .ഭൂമിയിലെ  ഒന്നിനും അതിന്റെ സൗന്ദര്യം അതേപടി പകർത്താനാവില്ല .

"ഇതു നിന്റെ  ഏതെങ്കിലും  ബുക്കില് വയ്ക്ക് ..."വേണി നിർദേശിച്ചു .

"എന്തിനാ ?.."

"അതു പ്രസവിക്കും .."

"എന്നെ പറ്റിക്കുവാണോ "

"അല്ലന്നേ ...സത്യം "

"നുണ പറയല്ലേ "

"നീ  വച്ചുനോക്ക് ..അപ്പൊ കാണാം "
മനു അതുവാങ്ങി  തന്റെ പുസ്തകത്തിൽ ഒളിപ്പിച്ചു .മാനം  കാട്ടാതെ തന്നെ ,തന്റെ  പ്രിയ സുഹൃത്തിന്റെ സ്നേഹോപഹാരമാണ് ആ മയിൽ‌പ്പീലി .വേണി തിരിഞ്ഞു നടന്നു .
"നീ  പോവാണോ ?"

"മ് .."

'' നിക്ക് ....ഞാനും   വരുന്നു .."












Wednesday, 31 December 2014

അഭിമുഖം

അഭിമുഖം 

"ya  ,fantastic,ഇത്രയും വലിയ  CBSE സ്കൂളും TEXTILES ഉം ഷോപ്പിംഗ്‌ കോംപ്ലക്സുമൊക്കെ ഇരിക്കട്ടെ ,പക്ഷേ റിസർച്ച് ഇൻസ്റ്റിട്ടൂട്ടും ആശ്രമവുമൊക്കെ നിർമിച്ചത് തീർത്തും നിങ്ങളുടെ നല്ല മനസുതന്നെ ."

"ജനങ്ങൾക്ക്‌ വേണ്ടിയിട്ടല്ലേ ,ഇത്രയും ചെയ്യാൻ കഴിഞ്ഞല്ലോ ,എന്റെ നാടിനു വേണ്ടി ചെയ്യുന്നതിൽ എനിക്കഭിമാനമേ  ഉള്ളു".അഭിമുഖമവസാനിച്ചു .

"മികച്ച ജനസേവകനുള്ള പുരസ്‌കാരം നേടിയ  രാജേന്ദ്രബാബുവിന്റെ    ഇന്റർവ്യൂ ആകട്ടെ ചാനലിന്റെ exclusive ".വിനോദ് ഗേറ്റ് കടന്നു പുറത്തേക്കിറങ്ങി .പാറിപ്പറന്ന വെള്ളിനാരുകൾ ഒതുക്കി ,മുഷിഞ്ഞു നാറിയ  വസ്ത്രമണിഞ്ഞ,ചുളിവുകൾ ചിത്രം വരച്ച  നെറ്റിയുമായി  ഒരു വൃദ്ധ വെളിയിലേക്ക് നോക്കി നില്ക്കുന്നു ."ആരാ ?,എന്താ  ഇവിടെ നില്കുന്നത് ?.."

"ഞാൻ കുട്ടന്റെ ..,അല്ല  രാജേന്ദ്രബാബു സാറിന്റെ അമ്മയാ ...
 കാശില്ലാത്തതുകൊണ്ട് ശരണാലയത്തിലവര് പോയ്ക്കോളാൻ പറഞ്ഞു മോനെ ....അതാ  അടിച്ചിറക്കിയടത്തോട്ടു പിന്നേം വന്നത് ..സാരമില്ല ..രണ്ടു ദിവസമായി ഗേറ്റിനു കാവൽ നില്കുവാ ....മോൻ പൊയ്ക്കോ .."

വിനോദ് തലകുനിച്ചു നടന്നു തുടങ്ങി .എന്തോ ഒന്ന് നഷ്ടപെട്ടില്ലേ എനിക്ക് .പെട്ടെന്നവൻ  ബാഗു തുറന്നു  വിവരങ്ങൾ രേഖപ്പെടുത്തിയ notepad എടുത്തു .ഇന്റർവ്യൂവിന്റെ  എല്ലാ ഭാഗങ്ങളും അതിൽനിന്നു കീറിയെടുത്ത് അതിലേക്കു  ഉറ്റു നോക്കി .ഓഫീസ് എത്തിയിരിക്കുന്നു .ആ പേപ്പറിന്റെ  തുണ്ടുകൾ  ഓഫീസിൽ നല്കി  അയാൾ വീണ്ടും നടന്നുതുടങ്ങി ..അടുത്തൊരഭിമുഖത്തിലേക്ക് .....  

Tuesday, 30 December 2014

തിരച്ചിൽ

തിരച്ചിൽ

കുറേയേറെ പേരുകൾ ഒരുദിവസം എന്റെ വീട്ടിൽ വന്നു .ക്ഷണിക്കാതെ എത്തിച്ചേർന്ന ആ അതിഥികളെ ഞാൻ സന്തോഷപൂർവ്വം വരവേറ്റു .
ആ ഓരോ പേരുകളും എന്റെ സന്തോഷത്തിൽ പങ്കുചേരാൻ താത്പര്യപെട്ടപ്പോൾ ഞാൻ എതിർത്തില്ല .ഞാൻ അവയെ ഇഷ്ടപെട്ടിരുന്നു.അവരെല്ലാം ആരൊക്കെയോ പറഞ്ഞറിഞ്ഞു  വന്നതായിരുന്നു.

ആഘോഷങ്ങൾക്കിടയിൽ ദിവസങ്ങൾ കടന്നുപോയി . വിരുന്നുകാർ എന്നായാലും മടങ്ങേണ്ടാവരാനെന്നു ഞാനും മറന്നുപോയി .പേരുകളിൽ ഒരാൾ എന്നോട് വന്നു പറഞ്ഞു ഞാൻ മടങ്ങുകയാണ്  ബാക്കിയുള്ളവർ ഇവിടെ ഉണ്ടാകുമെന്നും പറഞ്ഞു .വലിയ വിഷമങ്ങൾ സൃഷ്ടിക്കാതെ ആ വിരുന്നുകാരൻ പോയി .പിറ്റേന്ന് രണ്ടാമൻ കരഞ്ഞു തുടങ്ങി.അവനു ആദ്യത്തെയാൾ ഇല്ലാതെ  പറ്റില്ലാന്നു പറഞ്ഞു   അവനും പോയി .ഓരോ ദിവസവും ഓരോരുത്തരായി മടങ്ങി .ഒടുവിൽ ആ വീട്ടിൽ ഞാൻ വീണ്ടും ഒറ്റയ്ക്കായി .അപ്പോഴാണ് ഞാൻ എന്റെ പേരിനെ കുറിച്ച് ഓർമിച്ചത്.
അതിനെ ഞാൻ  അവിടെ മുഴുവൻ തിരഞ്ഞു നടന്നു .കണ്ടില്ല ,ഞാൻ  അവയെ അന്വേഷിച്ചിറങ്ങി .

കുറെ ചീത്തവാക്കുകൾക്കിടയിൽ ഞാൻ എത്തിപ്പെട്ടു .കുറേയേറെ തെറിവിളികളെ  ഞാൻ കണ്ടുമുട്ടി .ജീവിതമെന്ന  മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ   ബോധമറ്റു കിടക്കുകയായിരുന്നു അവയെല്ലാം .അവയ്ക്കിടയിൽ ഞാൻ എന്റെ പേരിനെ തിരഞ്ഞു നടന്നു .
വീണ്ടും വീണ്ടും തിരഞ്ഞു നടക്കുന്നു .ആരെങ്കിലും കണ്ടുകിട്ടിയാൽ എന്നെ  അറിയിക്കുമോ ...അല്ലെങ്കിൽ വേണ്ട .......കണ്ടുകിട്ടിയാൽ എന്നോട് പറയരുത് ഞാൻ അവളെ മറന്നു എന്നറിഞ്ഞാൽ അവൾ പിന്നെ എന്റെയടുത്തേക്ക് വരില്ല .അവളും എന്നെ വെറുക്കും ...

 

Wednesday, 4 June 2014

പക്ഷിയും പാട്ടുകാരനും

                                                          പക്ഷിയും പാട്ടുകാരനും


ഒരു പക്ഷി പുളിമരത്തിന്റെ കൊമ്പിലിരുന്നു പാട്ടു പാടുകയായിരുന്നു .അപ്പോഴതുവഴി  സുന്ദരനായ ഒരു ചെറുപ്പകാരൻ കടന്നുപോയി. എന്തൊക്കെയോ ഓർത്തു കൊണ്ട് നടന്നുപോയ അയാൾ പക്ഷിയുടെ പാട്ടു ശ്രദ്ധിച്ചില്ല .തന്റെ  പാട്ടു കേൾക്കാതെ കടന്നുപോയ ആ മനുഷ്യന്റെ പിന്നാലെ പക്ഷി പറന്നുചെന്നു .അയാൾ  കാണത്തക്ക വിധത്തിൽ ഒരു പൂമരുതിന്റെ കൊമ്പിൽ ചെന്നിരുന്നു വീണ്ടും ഉറക്കെ പാടാൻ തുടങ്ങി .

ഇത്തവണ അയാൾ പക്ഷിയെ കണ്ടു .പക്ഷിയുടെ മധുരസ്വരത്തിൽ ആകൃഷ്ടനായ അയാൾ പക്ഷിയോട് ചോദിച്ചു ," നീ പോരുന്നോ സുന്ദരി എന്റെയൊപ്പം ,നിന്നോളം കഴിവില്ലെങ്കിലും ഞാനും ഒരു പാട്ടുകാരനാണ്.നമുക്കൊന്നിച്ച്‌ സംഗീതലോകത്ത്‌ ജീവിക്കാം."

"ഞാനൊരു  പാവം പക്ഷിയല്ലേ പാട്ടിന്റെ ലോകം എനിക്കിഷ്ടമാണ് ,അതുപോലെ ഞാൻ ആകാശത്തെയും സ്നേഹിക്കുന്നു എനിക്കെങ്ങനെയാണ് ഒരു മനുഷ്യനോടൊപ്പം വരനാവുക ?"

"ഞാൻ നിന്നെ കൂട്ടിലടയ്ക്കില്ല ,നിനക്ക് സ്വതന്ത്രമായി തന്നെ എന്റെ വീട്ടിൽ കഴിയാം ."

അങ്ങനെ പക്ഷി പാട്ടുകാരനോടൊപ്പം  പോയി.
ഒരു വലിയ കോട്ടയ്ക്കുള്ളിലേക്ക് അവൻ പക്ഷിയെയും കൂട്ടി കടന്നുപോയി .പാട്ടുകാരൻ  പക്ഷിക്കുവേണ്ടി കണ്ണാടി കൊണ്ട് ചുമരൊരുക്കിയ മുറി  നല്കി .അവൾ ഒരുപാട് സന്തോഷിച്ചു .ഒന്നാം ദിവസം കടന്നുപോയി .രണ്ടാം  ദിവസം         പക്ഷി  അവനെയും കാത്തിരുന്നു,ഒരു പാട്ട് ഒന്നിച്ചുപാടുവാൻ വേണ്ടി .പക്ഷേ അവൻ വന്നില്ല .കണ്ണാടി ചുമരിലൂടെ ആകാശവും നോക്കി അവൾ സംതൃപ്തയായി .
മൂന്നാം ദിവസവും  കാത്തിരിപ്പു തുടർന്നു . ദിവസങ്ങൾ കടന്നുപോകേ   പക്ഷിയുടെ  മനസ് മരവിപ്പിലേക്കാണ്ടുകൊണ്ടിരുന്നു.അവൾ  മെല്ലെ പറന്നു കണ്ണാടി ചുമരുകളിൽ ഇടിക്കാൻ തുടങ്ങി .പക്ഷേ  ചുമരിലിടിച്ചു  നിലത്തു വീഴുകയല്ലാതെ മറ്റൊരു  ഗുണവും ഉണ്ടായില്ല .പക്ഷേ അവൾ  നിരന്തരം പരിശ്രമിച്ചു .പാട്ടുകാരൻ  എപ്പോഴും പക്ഷിയുടെ  ചിറകടിയും കണ്ണാടിയിൽ ഇടിച്ചുവീഴുന്നതും  അറിഞ്ഞുകൊണ്ടിരുന്നു .ആ  ശബ്ദം അയാളെ  അലോസരപ്പെടുത്താൻ  തുടങ്ങിയപ്പോൾ  അയാൾ  പക്ഷിയുടെ  മുറിയിൽ  വന്നു.
 പക്ഷിക്ക്  യാതൊരു ഭാവമാറ്റവും ഉണ്ടായില്ല .അത്  കണ്ണാടിചുമരിലേക്കു  വേദനയിൽ പൊതിഞ്ഞ  അത്യാർത്തിയുമായി  പറന്നടുത്തു .അവശയായ  പക്ഷിയെ  പിടിക്കാൻ അയാൾക്ക്   ഒരുപാട് ആയാസപ്പെടേണ്ടിവന്നില്ല .പാട്ടുകാരൻ  അവളോട്‌ ചോദിച്ചു .
"ഞാൻ നിന്നെ പൊന്നുപോലെ  നോക്കുകയല്ലേ  പിന്നെ നീയെന്തിനു ഈ പാഴ്ശ്രമം  നടത്തുന്നു .........നീ  എന്റേതാണ് ..നിന്നെ വിട്ടുകളയാൻ  എനിക്കാവില്ല "
പക്ഷിയുടെ  ശബ്ദം പുറത്തേക്കു വന്നില്ല .അതിന്റെ  ശബ്ദം  നഷ്ടപ്പെട്ടു .കണ്ണാടിയിലൂടെ  അത് ആകാശത്തേക്ക് നോക്കികൊണ്ടിരുന്നു .
പാട്ടുകാരൻ  ആരോടോ  ആജ്ഞാപിച്ചു .

"ഈ  കണ്ണാടി ചുമരുകൾ മാറ്റണം ,പകരം കല്ലുകൊണ്ടാവട്ടെ "
പക്ഷിയുടെ കണ്ണുകൾ മാത്രം ആകാശത്തേക്ക് ചലിച്ചുകൊണ്ടിരുന്നു .  

Thursday, 20 February 2014

ബുദ്ധാ  നിനക്കെന്നെ  ഓർമ്മയുണ്ടോ?
ഇല്ലേ?
എങ്കിൽ  ഞാനോർമിപ്പിക്കാം
യവനന്മാരുടെ  കഥകളിൽ  നീയെന്നെ തിരയരുത്
ആര്യന്മാരുടെ സ്മരണകളിൽ  നീയെന്നെ മറക്കരുത്
പക്ഷേ ,
പണ്ടെങ്ങോ എഴുതിമറന്ന
 ആംഗലേയകവിയുടെ  അവശേഷിപ്പുകളിൽ
ഞാനുണ്ട് ,എന്റ്റെ  ശത്രുവും
ഈശ്വരസൃഷ്ടിയായ് എന്നെ വാഴിച്ച  വരികളിൽ
ഞാനും അവനും ഉണ്ടായിരുന്നു
അയാൾ  ആശ്ചര്യപ്പെട്ടുപൊയേക്കാം
നിന്നെ ദൈവമായിട്ടു കാണുകയാണെങ്കിൽ
നീയെനിക്കുവേണ്ടി ഒരുപാട്  വാദിച്ചു
പക്ഷേ ഞാനിന്നും ബലിമൃഗം തന്നെ
ദക്ഷന്റ്റെ ശിക്ഷ ഏറ്റുവാങ്ങിയതും ഞാൻതന്നെ
ഇസ്മയീലിന്റ്റെതും ഞാൻ തന്നെ
കല്ലേറുകൊണ്ട് കണ്ണ് പൊട്ടിയ എന്നെ പലരും താങ്ങിയെടുത്തു
ഒടുവിൽ നിലത്തിട്ടു ,കാരണം
ഞാനിന്നും ബലിമൃഗം തന്നെ
                                                                -     ഒരാടിന്റെ വെളിപ്പെടുത്തലുകൾ