പക്ഷിയും പാട്ടുകാരനും
ഒരു പക്ഷി പുളിമരത്തിന്റെ കൊമ്പിലിരുന്നു പാട്ടു പാടുകയായിരുന്നു .അപ്പോഴതുവഴി സുന്ദരനായ ഒരു ചെറുപ്പകാരൻ കടന്നുപോയി. എന്തൊക്കെയോ ഓർത്തു കൊണ്ട് നടന്നുപോയ അയാൾ പക്ഷിയുടെ പാട്ടു ശ്രദ്ധിച്ചില്ല .തന്റെ പാട്ടു കേൾക്കാതെ കടന്നുപോയ ആ മനുഷ്യന്റെ പിന്നാലെ പക്ഷി പറന്നുചെന്നു .അയാൾ കാണത്തക്ക വിധത്തിൽ ഒരു പൂമരുതിന്റെ കൊമ്പിൽ ചെന്നിരുന്നു വീണ്ടും ഉറക്കെ പാടാൻ തുടങ്ങി .
ഇത്തവണ അയാൾ പക്ഷിയെ കണ്ടു .പക്ഷിയുടെ മധുരസ്വരത്തിൽ ആകൃഷ്ടനായ അയാൾ പക്ഷിയോട് ചോദിച്ചു ," നീ പോരുന്നോ സുന്ദരി എന്റെയൊപ്പം ,നിന്നോളം കഴിവില്ലെങ്കിലും ഞാനും ഒരു പാട്ടുകാരനാണ്.നമുക്കൊന്നിച്ച് സംഗീതലോകത്ത് ജീവിക്കാം."
"ഞാനൊരു പാവം പക്ഷിയല്ലേ പാട്ടിന്റെ ലോകം എനിക്കിഷ്ടമാണ് ,അതുപോലെ ഞാൻ ആകാശത്തെയും സ്നേഹിക്കുന്നു എനിക്കെങ്ങനെയാണ് ഒരു മനുഷ്യനോടൊപ്പം വരനാവുക ?"
"ഞാൻ നിന്നെ കൂട്ടിലടയ്ക്കില്ല ,നിനക്ക് സ്വതന്ത്രമായി തന്നെ എന്റെ വീട്ടിൽ കഴിയാം ."
അങ്ങനെ പക്ഷി പാട്ടുകാരനോടൊപ്പം പോയി.
ഒരു വലിയ കോട്ടയ്ക്കുള്ളിലേക്ക് അവൻ പക്ഷിയെയും കൂട്ടി കടന്നുപോയി .പാട്ടുകാരൻ പക്ഷിക്കുവേണ്ടി കണ്ണാടി കൊണ്ട് ചുമരൊരുക്കിയ മുറി നല്കി .അവൾ ഒരുപാട് സന്തോഷിച്ചു .ഒന്നാം ദിവസം കടന്നുപോയി .രണ്ടാം ദിവസം പക്ഷി അവനെയും കാത്തിരുന്നു,ഒരു പാട്ട് ഒന്നിച്ചുപാടുവാൻ വേണ്ടി .പക്ഷേ അവൻ വന്നില്ല .കണ്ണാടി ചുമരിലൂടെ ആകാശവും നോക്കി അവൾ സംതൃപ്തയായി .
മൂന്നാം ദിവസവും കാത്തിരിപ്പു തുടർന്നു . ദിവസങ്ങൾ കടന്നുപോകേ പക്ഷിയുടെ മനസ് മരവിപ്പിലേക്കാണ്ടുകൊണ്ടിരുന്നു.അവൾ മെല്ലെ പറന്നു കണ്ണാടി ചുമരുകളിൽ ഇടിക്കാൻ തുടങ്ങി .പക്ഷേ ചുമരിലിടിച്ചു നിലത്തു വീഴുകയല്ലാതെ മറ്റൊരു ഗുണവും ഉണ്ടായില്ല .പക്ഷേ അവൾ നിരന്തരം പരിശ്രമിച്ചു .പാട്ടുകാരൻ എപ്പോഴും പക്ഷിയുടെ ചിറകടിയും കണ്ണാടിയിൽ ഇടിച്ചുവീഴുന്നതും അറിഞ്ഞുകൊണ്ടിരുന്നു .ആ ശബ്ദം അയാളെ അലോസരപ്പെടുത്താൻ തുടങ്ങിയപ്പോൾ അയാൾ പക്ഷിയുടെ മുറിയിൽ വന്നു.
പക്ഷിക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല .അത് കണ്ണാടിചുമരിലേക്കു വേദനയിൽ പൊതിഞ്ഞ അത്യാർത്തിയുമായി പറന്നടുത്തു .അവശയായ പക്ഷിയെ പിടിക്കാൻ അയാൾക്ക് ഒരുപാട് ആയാസപ്പെടേണ്ടിവന്നില്ല .പാട്ടുകാരൻ അവളോട് ചോദിച്ചു .
"ഞാൻ നിന്നെ പൊന്നുപോലെ നോക്കുകയല്ലേ പിന്നെ നീയെന്തിനു ഈ പാഴ്ശ്രമം നടത്തുന്നു .........നീ എന്റേതാണ് ..നിന്നെ വിട്ടുകളയാൻ എനിക്കാവില്ല "
പക്ഷിയുടെ ശബ്ദം പുറത്തേക്കു വന്നില്ല .അതിന്റെ ശബ്ദം നഷ്ടപ്പെട്ടു .കണ്ണാടിയിലൂടെ അത് ആകാശത്തേക്ക് നോക്കികൊണ്ടിരുന്നു .
പാട്ടുകാരൻ ആരോടോ ആജ്ഞാപിച്ചു .
"ഈ കണ്ണാടി ചുമരുകൾ മാറ്റണം ,പകരം കല്ലുകൊണ്ടാവട്ടെ "
പക്ഷിയുടെ കണ്ണുകൾ മാത്രം ആകാശത്തേക്ക് ചലിച്ചുകൊണ്ടിരുന്നു .

No comments:
Post a Comment